എഴുതിക്കഴിയുമ്പോൾ
ശൂന്യം
പ്രസാദാത്മകം, അകം
എഴുതാതിരിക്കുമ്പോൾ
വിങ്ങി വിലപിക്കുന്നു,
ഉള്ളം.
തുറന്നിരിക്കുന്നു, കണ്ണും കാതും
എന്നിട്ടും,
കാണുന്നില്ലല്ലോ
നഗരം കൊളുത്തി വെച്ച
നക്ഷത്ര വിളക്കുകൾ....
വിശപ്പൊടുങ്ങി
വർണ്ണ വെറിപ്പൂണ്ടവന്റെ
വേഷഭൂഷാദികൾ,
മന്ത്രോച്ചാരണങ്ങൾ.
വെളിച്ചത്തിനപ്പുറത്ത്
മിഴികളിൽ ഇരുട്ട്
കോലാഹലങ്ങള്‍ക്കപ്പുറത്ത്
എച്ചിൽ കൂമ്പാരങ്ങളിൽ
വിശപ്പിന്റെ
കത്തിപ്പിടിക്കുന്ന ഒച്ചകൾ
കണ്ണും കാതും തുറന്നാണിരിപ്പെങ്കിലും
നീയില്ല, നിന്റെ ചന്തമില്ല
നീ പാടും പാട്ടുമില്ല
ഉള്ളത്,
ചായം പൂശിയ മുഖ കാഴ്ചകൾ
പറയാതെ,
നീ ഒളിപ്പിച്ച സങ്കടങ്ങൾ
അതുകൊണ്ട് തന്നെ
എഴുതാതിരിക്കാം ....
നെഞ്ചു വിങ്ങി വിങ്ങി
വേദനയാൽ പുളയട്ടെ
സങ്കടക്കടൽ വറ്റാതെ
അലയടിക്കട്ടെ ...
ഞാനിത്തിരി നേരം
മനുഷ്യനായിരിക്കട്ടെ.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ