2014 ഡിസംബർ 29, തിങ്കളാഴ്‌ച

പുതുവർഷ തോന്നലുകൾ




കലണ്ടറിൻ താളൊന്നു മറിയുന്നു , നമ്മുടെ
യുള്ളിലൊരിത്തിരി തോഷം നിറയുന്നു 

മാറിടും ദുരിതങ്ങളീപ്പുതു  വർഷത്തി-
ലേറിടും സമ്പത്തും സൌഭാഗ്യമൊക്കെയും   
ചിന്ത തന്നാകാശ തേരിലേറിക്കൊ-
ണ്ടൊരുവേള പൂക്കുന്നു  മനസ്സും, വപുസ്സും 

കേക്ക് മുറിക്കുന്നു, കുപ്പി പൊട്ടിക്കുന്നു 
മൂക്കറ്റം തിന്നു മദിക്കുന്നു വീണ്ടും 
മാറ്റുക, നമ്മൾ തൻ ജീവിത വൃത്തികൾ 
ഏറ്റുക, ചിന്തയിൽ കാലക്കെടുതികൾ.

കാണുക തെരുവിലലയുന്ന ജീവിത 
തോണികൾ, തീരം തേടിയലയുവോർ...
ഓടിച്ചു വിട്ടവരൊക്കെയും വീണ്ടും 
തേടി വന്നിടുന്നു നമ്മളെ വാങ്ങുവാൻ... 

കാശൊന്നു  മതിയിനി നമ്മെ നയിക്കുവാൻ
ആശകൾക്കൊത്തു കഴിയുവാ, നെങ്കിലും   
മന്നവാ, വാങ്ങാൻ കഴിയില്ല, പുഴയെ മലകളെ 
മാനവ ജീവിതം വർണ്ണാഭമാക്കുവാൻ..! 
  
അന്ധകാരത്തി,ന്നിടനാഴി തുറക്കുവാൻ 
കുന്തവും കോപ്പുമായ് പാഞ്ഞു വരുന്നതു 
കണ്ടിട്ടും മിണ്ടാതിരുന്നുകൂടാ, നമ്മൾ 
 ചണ്ടാലരാ, യോരത്തിനി നിന്നു കൂടാ.

ഉണർന്നേ,യിരിക്കുക  യിരുളിന്റെ ബീജം 
തിണർക്കാതിരിക്കുവാൻ, മനസ്സിൽ 
രണ്ടെന്ന ഭാവം മുളക്കാതിരിക്കുവാൻ 
നമ്മൾ പരസ്പ്പരം കൈകോർത്തു വെക്കുക... 

ജാതി മത കെട്ടു പൊട്ടിക്കുക, നമ്മ-
ളൊന്നാണ് ഒന്നാണെന്നുറക്കെ പറയുക 
ഭൂമിയി, 
ലീമണ്ണിൽ പൂക്കട്ടെ സ്നേഹം 
നിലാവുപോ-
ലാർദ്രമാക,ട്ടെയീപ്പുതു വർഷം. 


-ശശി കാട്ടൂർ 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ