2014 ഡിസംബർ 25, വ്യാഴാഴ്‌ച

കാമമോഹിതം.




മുടിയുള്ള വളെ , നീ 
മുടിയഴിച്ചിട്ടാടുമ്പോൾ, എന്റെ 
മൂടുപടം അഴിഞ്ഞു വീഴുന്നു 
കാട് കേറുന്നു ഞാൻ..

ആടാൻ മറന്ന പദ-
മൊന്നാടി, 
കടക്കണ്ണ്ക്കൊണ്ടെന്നെ
കടാക്ഷിക്കെ, 

ദീപ്തമാം 
മൌനത്തിൽ നിന്നുണരുന്നു
ഢമരുവിൻ താളം മുറുകുന്നു 
ഹിമശൈലങ്ങളിളകുന്നു   
കരുത്തിൻ തൃക്കണ്ണും 
ജടയും വിറക്കുന്നു 

പാതി വിടർന്ന നിൻ മിഴികളിൽ 
ആദിമ നാണം പിറക്കുന്നു
ഉടല് പൂക്കുന്നതിൻ 
സൌരഭ്യമൊഴുകുന്നു  

തുടല് പൊട്ടിച്ചെന്റെ-
യുള്ളം കൊതിക്കു,ന്നൊരു 
ചുടല നൃത്തത്തിനാവേഗമോടെ  
ഉടുപുടവയഴിച്ചേ ചൂടണം 
ഒടുങ്ങാത്ത ദാഹത്തിൻ 
പൂവുകളൊക്കെയും 

മുടിയുള്ളവളെ,
കറു കറുത്തവളേ, കാളീ 
എന്റെ മുടി പറിച്ചടിച്ചല്ലയോ നിൻ പിറവി
എന്നിട്ടും, മുടിയഴിച്ചിട്ടു നീ
വന്നു നില്ക്കെ 
പട്ടു പോകുന്നു മിഴികൾ, 
കാമത്താൽ 
തരളിതനാകുന്നുവല്ലോ ഞാൻ.


- ശശി കാട്ടൂർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ