2014 ഡിസംബർ 22, തിങ്കളാഴ്‌ച

വർത്ത മാനം - കഥ




തെക്കേപ്പുറത്ത് കത്തിയമരുന്ന ചിതയിൽ, അവളുടെ അച്ഛനാണ് വെന്തു നീറുന്നത്.
അച്ഛന്റെ ഏറെ കാലത്തെ ഗൾഫ്‌ ജീവിതത്തിനു ശേഷം അച്ഛനോടോത്തുള്ള ഏതാനും മാസങ്ങളുടെ  ജീവിതം. അത് ഇത്രയും പെട്ടെന്ന് തീർന്നു പോയതിലുള്ള സങ്കടം, അവളെ വീണ്ടും ഉന്മാദത്തിന്റെ വക്കിലേക്ക് വലിച്ചിഴക്കുമോ എന്ന ആധി, അവിടെ കൂടിയവരുടെയെല്ലാം മുഖത്ത് ആശങ്കപ്പെട്ടു കിടന്നു.

എഞ്ചിനീയറിംഗ്  അഡ്മിഷന് വേണ്ടി മകളെയും കൂട്ടി പോയതായിരുന്നു അയാൾ. ഗൾഫിൽ നിന്ന കാലമത്രയും ഭാര്യ ചെയ്തുപോന്ന കാര്യങ്ങൾ, "ഇനി എല്ലാം ഞാൻ ചെയ്യാം.. നീ കുറെ ഓടിയതല്ലേ. മക്കൾക്ക്‌ വേണ്ടി "...ഭാര്യയോടുള്ള അയാളുടെ വാക്കുകൾ. 

 ഭാര്യയോടും മക്കളോടുമൊത്തുള്ള  ജീവിതം, അവരുടെ വിദ്യാഭ്യാസം, അവരുടെ വഴിയിൽ  ഒരച്ഛന്റെ കണ്ണ്...അത്തരം കാര്യങ്ങളെയെല്ലാം മനസ്സിൽ കണ്ടു കൊണ്ട് കൂടിയാണ് അയാള് ഗൾഫ്‌ ജീവിതം അവസാനിപ്പിച്ചത് തന്നെ.
 
തിങ്കളാഴ്ച രാവിലെ തന്നെ ഇന്റർവ്യൂവിനു എത്തെണ്ടിയിരുന്നതുകൊണ്ട് ഞായറാഴ്ച  കാലത്തെ തന്നെ അയാള് മകളെയും കൂട്ടി യാത്ര തിരിച്ചു. തിരുവനന്തപ്പുരത്തെത്തുമ്പോൾ അവിടെയുള്ള ജയനെ വിളിച്ചാൽ രാത്രി താങ്ങാനുള്ള സൗകര്യം അവൻ ചെയ്തു തരും എന്ന് നല്ല ഉറപ്പായിരുന്നു അയാൾക്ക്‌. ഗൾഫിൽ നിന്നുള്ള ചില നേട്ടങ്ങൾ ഇങ്ങനെയൊക്കെ ഉപയോഗപ്പെടുന്നതിൽ അയാൾ സന്തോഷപ്പെട്ടു.

തൃശ്ശൂരിൽ നിന്നും പുറപ്പെടുന്നതിനു മുന്പേ അയാൾ ജയനെ വിളിക്കാൻ ശ്രമിച്ചു. കിട്ടിയിരുന്നില്ല., അവധി ദിവസമല്ലേ...മൊബൈൽ ഓഫ്‌ ചെയ്തു വെച്ചു ഉറങ്ങുന്നുണ്ടാകും...ഗൾഫിലെ വെള്ളിയാഴ്ച ദിവസങ്ങൾ ഒരു നിമിഷത്തേക്ക് അയാളിലൂടെ ഊർന്നിറങ്ങി. പിന്നെ, യാത്രക്കിടയിൽ, തിരുവനന്തപ്പുരത്തു  എത്തുന്നതിനു മുന്പേ വിളിക്കാം എന്ന് കരുതി സമാധാനപ്പെട്ടു.

രണ്ടു ദിവസമായുള്ള പലവിധമായ അലച്ചിലുകൾ കാരണം കൊണ്ടും ട്രെയിൻ യാത്രയിൽ അയാൾ എന്നും അനുഭവിക്കാറുള്ള ആ നരച്ച കാറ്റും അയാളെ ഉറക്കത്തിലേക്കു വീഴ്ത്തി. ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരുന്ന മകളും എപ്പോഴോ ഉറങ്ങിപ്പോയിരിക്കണം. അതുകൊണ്ടാണ്, ഫോണ്‍ ചെയ്യേണ്ടതിനെ പറ്റി ഓർമ്മിപ്പിക്കാൻ പറഞ്ഞിട്ടും അതിനു കഴിയാതെ പോയത്. 

വൈകിയാണ് ട്രെയിൻ പുറപ്പെട്ടത് എന്നത് കൊണ്ട് തന്നെ, തിരുവനന്തപ്പുരത്തു എത്തുമ്പോഴും ഏറെ വൈകിയിരുന്നു. ജയനെ വിളിക്കാന്നുള്ള ഓരോ ശ്രമവും പരാജയപ്പെടുകയും, ,  നമ്മളിനി എന്താ ചെയ്യാ അച്ഛാ എന്ന മകളുടെ ചോദ്യവും  അയാളെ  അസ്വസ്ഥനാക്കാൻ തുടങ്ങി. 

യാത്ര കഴിഞ്ഞവരും, യാത്ര  പോകാൻ തുടങ്ങുന്നവരുമായ നിരവധി ആളുകൾ ....അവർക്കിടയിൽ പരിചയമുള്ള   ഏതെങ്കിലും മുഖം കണ്ടെടുക്കാൻ അയാൾ  ശ്രമിച്ചെങ്കിലും കിട്ടിയില്ല.  

ഒടുവിൽ  മകളെയും കൂട്ടി അയാൾ സ്റ്റെഷന് പുറത്തു കടന്നു. ഏതെങ്കിലും പറ്റിയ ഹോട്ടലിൽ രാത്രി തങ്ങാം. ..ഇനി അതെ നടക്കു. 
ആദ്യം കണ്ട ഓട്ടോരിക്ഷക്ക് തന്നെ കൈ കാട്ടി. വണ്ടിയിൽ  കയറി ഇരിക്കാൻ തുടങ്ങുമ്പോഴേക്കും,  എവിടേക്ക ചേട്ടാ എന്ന ഓട്ടോക്കാരന്റെ ചോദ്യം.

"താമസിക്കാൻ കൊള്ളാവുന്ന ഏതെങ്കിലും ഹോട്ടലിൽ കൊണ്ട് വിടു"  ബാഗും മടിയിൽ  എടുത്തു വെച്ച് മകളോടൊപ്പം ഓട്ടോയിൽ ഇരുന്നു. ഏതാണ്ട് ഒന്ന് രണ്ടു കിലോ മീറ്ററുകളോളം ചുറ്റി കറങ്ങിയതിനു ശേഷം, ഹോട്ടൽ എന്നെഴുതിയ ഒരു മൂന്നു നില കെട്ടിടത്തിനു മുന്പിൽ ഓട്ടോ വന്നു നിന്നു. "എനിക്ക് പരിചയമുള്ള ഹോട്ടലാ, ഇവിടെ ഇറങ്ങിക്കോ" ഓട്ടോക്കാരന്റെ വാക്കുകൾ  കേട്ടപ്പോൾ ഏയ്‌, കുഴപ്പമുള്ള ഇടമാകില്ല എന്ന് അയാൾക്ക്‌ തോന്നി. ഒട്ടോക്കാരന് അവൻ പറഞ്ഞ തുകയെടുത്തു കൊടുത്തു അയാളും മകളും ഹോട്ടലിലേക്ക് കയറി.

രണ്ടു കിടക്കകളുള്ള മുറിയാണ് അയാൾ  ആവശ്യപ്പെട്ടതെങ്കിലും, അങ്ങിനെയുള്ളത് ഒന്നും ഒഴിവില്ലെന്നും ഒറ്റ കിടക്കകളെ ഇനി ഉള്ളുവെന്നും കൌണ്ടറിൽ ഇരിക്കുന്ന കൊമ്പൻ മീശക്കാരൻ പറഞ്ഞു. മാത്രമല്ല, " ഇനി ഈ നേരത്ത് നിങ്ങൾക്ക് എവിടേം മുറി കിട്ടില്ല,, വേണെങ്കിൽ എടുത്തോ" എന്നുള്ള അയാളുടെ മുൻവിധിയും അവിടെ തന്നെ മുറി എടുക്കാൻ തീരുമാനിച്ചു. 

ജീവിതത്തിന്റെ മുക്കാൽ പങ്കും ഗൾഫിൽ ജീവിച്ചു തീർത്ത അയാൾക്ക്‌ തിരുവനന്തപ്പുരത്തെ പറ്റി, എന്നല്ല കേരളത്തിലെ ഒരു നഗരത്തെ പറ്റിയും വേണ്ടത്ര അറിവില്ലായിരുന്നു.  

" ഇതാരാ..?" കൊമ്പൻ മീശക്കാരൻറെ ചോദ്യത്തിന്, മകൾ  എന്ന് പറഞ്ഞെങ്കിലും വിശ്വാസമില്ലാത്ത കണ്ണുകളോടെ താക്കോൽ എടുത്തു തന്നു പറഞ്ഞു. "202, രണ്ടാം നിലയിലാണ് മുറി എന്തെങ്കിലും വെള്ളോ, മറ്റോ വേണെങ്കിൽ വിളിച്ചു പറഞ്ഞാ മതി" 

അയാൾ മകളെയും കൂട്ടി ബാഗുമെടുത്ത് ചവിട്ടു പടികൾ കയറാൻ തുടങ്ങി. വെറുതെ പിന്തിരിഞ്ഞു നോക്കിയപ്പോൾ കൊമ്പൻ മീശക്കാരന്റെ കണ്ണുകൾ മകളുടെ പിന്നാലെ വരുന്നതുപോലെ തോന്നിയതുകൊണ്ട് നടത്തത്തിനു വേഗം കൂട്ടി.

 മുറിയിൽ ചെന്ന പാടെ ലൈറ്റിട്ട് മുകളിലേക്കും ജനൽ സ്ഥലങ്ങളിലേക്കും അയാൾ കണ്ണോടിച്ചു. ടോയലെട്ടിന്റെ വാതിൽ തുറന്നു ചുറ്റുപാടും നോക്കി.  

"എന്താ അച്ഛാ , ഇത്രേം നോക്കാൻ..? മകൾ 

"നീ പത്രോന്നും വായിക്കുന്നില്ലേ...
ഒളികാമറകളാ  ഇങ്ങനത്തെ  ഇടങ്ങളിലെല്ലാം..സൂക്ഷിക്കണം.."
അയാളുടെ പറച്ചിൽ കേട്ട് മകൾ പൊട്ടിച്ചിരിച്ചു.

"എന്തെങ്കിലും കഴിക്കേണ്ടെ... മോൾക്ക്‌ എന്താ വേണ്ടത്..? " അയാൾ ചോദിച്ചു 

"എനിക്കൊന്നും വേണ്ട അച്ഛാ..നല്ല ക്ഷീണം ഞാൻ കിടക്കാൻ പോകാ"  മകൾ മുഖമെല്ലാം കഴുകി കട്ടിലീലേക്കു കിടന്നു. 

അയാൾ കുളിച്ചു വരുമ്പോഴേക്കും മകൾ നല്ല ഉറക്കത്തിലായിരുന്നു. മകളുടെ മുഖത്തേക്ക്  നോക്കി നിന്നപ്പോൾ, സമയത്തിനു മുൻപ് അമ്മയുടെ  വയറ്റിൽ നിന്നും പോന്നതിനാൽ, ഇൻക്യുബേറ്ററിൽ കിടത്തിയതും,  ആ കൊച്ചു മുഖവും ഓർമ്മയിൽ തെളിഞ്ഞു. അയാൾ മെല്ലെ  അവളുടെ കവിളിൽ തലോടി....  നഷ്ട്ടപ്പെട്ട ഒരുപാട് സമയത്തെ ഓർത്ത്‌ അയാൾ വിതുമ്പി. പുതപ്പെടുത്തു അവളുടെ മേലെ ഭംഗിയായി പുതപ്പിച്ചു. 

എന്നിട്ട്, ഫോണിനരികെ വന്നു ഒരു ചായയും കഴിക്കാൻ ലഘുവായതെന്തെങ്കിലും  വേണമെന്നും താഴേക്കു വിളിച്ചുപറഞ്ഞു. ബാഗിൽ നിന്നും കരുതി വെച്ചിരുന്ന പുസ്തകമെടുത്തു, തലേന്ന് നിറുത്തിയിടത്തു നിന്നും വായിക്കാൻ തുടങ്ങി. ഇക്കാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന സദാചാരപരവും ആക്രമണോൽസുകവുമായ വിഷയത്തെ പ്രതിപാതിക്കുന്ന ഒരു നോവലായിരുന്നു അത്.

ചായക്കു വിളിച്ചു പറഞ്ഞു അര മണിക്കൂറും കഴിഞ്ഞിരിക്കുന്നു.. അയാൾ  അക്ഷമനാകാൻ തുടങ്ങി.. വീണ്ടും ഫോണെടുക്കാൻ ഒരുങ്ങുമ്പോഴാണ്, കാളിംഗ് ബെൽ അടിച്ചത്. 
 
അയാൾ വാതിൽ  തുറന്നതും..മൂന്നാലു പേർ ബലമായി അകത്തേക്ക് കടന്നു.

"ഇതാരാ..ഈ പെണ്‍ക്കുട്ടി..?" അവരുടെ ചോദ്യം അയാളെ ഭയപ്പെടുത്തി.

"എന്റെ, എന്റെ  മകൾ.." തൊണ്ടയിൽ നിന്നും പതുക്കെ വാക്കുകൾ പുറത്തേക്ക് വന്നു.

"എന്നിട്ട്...ഇത്രേം പ്രായമുള്ള മകളോടൊന്നിച്ചു...ഒരു കട്ടിലിൽ...?" 

അവർ എന്താണ് ഉദ്ദേശിക്കുന്നതു എന്ന് മനസ്സിലാവുന്നതിൻ  മുന്പേ അവരിൽ ബലിഷ്ട്ടമായ ശരീരത്തോട് കൂടിയ ഒരുവന്റെ കയ്യിലിരുന്ന ഇരുമ്പ് പൈപ്പ് അയാളുടെ നെറുകിൽ പതിച്ചു.....

"മകളാണ് പോലും....അവർ ആക്രോശിക്കുകയായിരുന്നു...എവിടെന്നെങ്കിലും കൂടെ കൊണ്ട് വന്നിട്ട്...ഇവിടെ, 
ഞങ്ങൾ അത് അനുവദിക്കില്ല...."

ബഹളം കേട്ടാണ് മകൾ ഉണര്ന്നത്. അവൾക്കു ഒന്നും മനസ്സിലായില്ല...അവർ മകളെ കടന്നു പിടിക്കാൻ ശ്രമിക്കുന്നതിനിടെ . "അവളെ ഒന്നും ചെയ്യരുത്....അവൾ എന്റെ മകൾ തന്നെയാണ്.." കുഴഞ്ഞ വാക്കുകളോടെ അയാൾ  പറയുന്നതിനിടെ .രണ്ടാമതും അയാളുടെ തലയിൽ  അടി വീണിരുന്നു...

തലയിൽ നിന്നും ചോര വാർന്നു കണ്ണുകളിലേക്കു പടരുമ്പോൾ അക്രമികളിൽ  ചിലരുടെ നെറ്റിയിൽ ചുവന്ന കുറിയും, ചിലരുടെ തലയിൽ വെളുത്ത തൊപ്പിയും  ഉള്ളതായി അയാൾക്ക്‌ തോന്നി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ